
ബംഗളുരു: നഗരത്തിൽ ഈയിടെയായി വ്യാപകമായി ഉയർന്നുകേൾക്കുന്ന ആരോപണമാണ് റിയൽ എസ്റ്റേറ്റ്/ ഫ്ലാറ്റ് നിർമാണ രംഗത്തെ തട്ടിപ്പുകൾ. ആളുകളെ കബളിപ്പിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ ദിവസേന യെ ന്നോണം ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൻ വികസനം കൈവരിക്കുന്ന നഗരത്തിൽ ചെറുതും വലുതുമായി നിരവധി റിയൽ എസ്റ്റേറ്റ്/ ഫ്ലാറ്റ് നിർമ്മാണ സ്ഥാപനങ്ങളുണ്ട്. സ്വന്തമായി ഒരു പാർപ്പിടം സ്വന്തമാക്കുന്നത് ജീവിത
മോഹമായി കൊണ്ടുനടക്കുന്ന പതിനായിരങ്ങൾ നഗരത്തിലുണ്ട്. ഫ്ലാറ്റിനായി മുൻകൂർ പണമടച്ച് കാത്തിരിക്കുന്നവരാണ് പലപ്പോഴും കബളിപ്പിക്കപ്പെടുന്നത്. വൻകിട വഞ്ചനകളെ ആരോപണങ്ങളും കേസ്സുകളുമായി പത്രമാധ്യ മങ്ങളിൽ വാർത്തകളായി സ്ഥാനം പിടിക്കാറുള്ളൂ.അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരു കൊടും വഞ്ചനയുടെ കഥയാണ് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഓസോൺ ഡവലപ്പേഴ്സ് ചെയർമാനും പ്രമോട്ടറുമായ എസ്. വാസുദേവനെ 927.22 കോടിയുടെ ഹോം ബയേഴ്സ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട മണി ലോണ്ടറിങ് കേസിൽ ഇഡി അറസ്റ്റ് ചെയ്തു. പ്രത്യേക പി എം എൽ എ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
ദേവനഹള്ളിയിലെ ഓസോൺ അർബന പദ്ധതിയിൽ 1,351 ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്ന് 927.22 കോടി സമാഹരിച്ചെങ്കിലും പദ്ധതികൾ സമയത്ത് പൂർത്തിയാക്കി ഫ്ലാറ്റുകൾ കൈമാറിയില്ലെന്നാണ് ഇഡിയുടെ ആരോപണം. പദ്ധതിക്കായി ലഭിച്ച പണം മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്കും ബന്ധപ്പെട്ട വ്യക്തികളിലേക്കും വഴിതിരിച്ചുവിട്ടതായും അന്വേഷണ ഏജൻസി പറയുന്നു.
കേസിൽ നേരത്തെ 423.38 കോടി മൂല്യമുള്ള സ്വത്തുക്കൾ ഇഡി താൽക്കാലികമായി അറ്റാച്ച് ചെയ്തിരുന്നു. സി ബി ഐയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
927 കോടിയുടെ പണം എങ്ങനെ വിനിയോഗിക്കപ്പെട്ടു, എവിടേക്കാണ് മാറ്റിയത് എന്നിവയാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇഡിയുടെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്.
Photo Courtesy - Google










